ആറുമിനിറ്റു ലോകത്തെ ശാന്തമാക്കിയ പന്ത്രണ്ടു വയസ്സുകാരി ഒരു മിടുക്കി പെണ്കുട്ടിയുടെ പ്രസംഗം മലയാളത്തിലേക്കു വിവർത്തനം ചെയ്തതു താഴെ കൊടുക്കുന്നു.
"എന്‍റെ പേര് സെവേൻ സുസുക്കി (Severn Suzuki) ഞാന്‍ പരിസ്ഥിതിയെ സംബന്ധിച്ചുള്ള കുട്ടികളുടെ സംഘടനയിലെ ഒരു അംഗം. മാറ്റത്തിനുവേണ്ടി മുറവിളികൂട്ടുന്ന പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുടെ ഒരു സംഘത്തില്‍ ഞാനും ഉണ്ട്. ഇവിടെ വരാനും ഈ പരിപാടിയില്‍ പങ്കു ചേരുവാനും വേണ്ടത്ര പണം സമാഹരിച്ചതും ഞങ്ങള്‍ തന്നെ. 5000 മൈലുകള്‍ക്കപ്പുറത്തുനിന്ന് ഇവിടെ ഞങ്ങള്‍ എത്തിയത് പ്രകൃതിയിലെ വിഭവങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നുള്ള സന്ദേശവുമായിട്ടാണ്. രഹസ്യമായി മറ്റു യാതൊരു കാര്യ നിര്‍വഹണവും ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ ലക്‌ഷ്യം നല്ല ഒരു നാളേക്കു വേണ്ടി പൊരുതുകയെന്നുള്ളതാണ്. എന്‍റെ ഭാവിക്കായി ഞാന്‍ വെല്ലുവിളികളെ നേരിടുന്നു. എന്‍റെ ഭാവി നഷ്ടപ്പെടുന്നത് അസംബ്ലി തിരഞ്ഞെടുപ്പിൽ ഒരാളുടെ തോല്‍വി പോലെയല്ല. സ്റ്റോക്‌മാർക്കറ്റ് താഴെ വീഴുന്നതുപോലെയല്ല. എന്‍റെ ഈ ദൌത്യം വരുവാനിരിക്കുന്ന നാളെയുടെ തലമുറകൾക്കുവേണ്ടിയാണ്. ലോകമാകമാനമുള്ള വിശക്കുന്ന കുഞ്ഞുങ്ങൾക്കായി ഞാനിന്നു സംസാരിക്കുന്നു. ഭൂമുഖത്തു ജീവന്‍റെ നാശം സംഭവിക്കുന്ന കോടാനുകോടി പക്ഷിമൃഗാദികളും അതീവ ദുഖിതരാണ്. അവർക്കു പാർക്കാനായി മറ്റൊരിടവും ഇല്ല. വരണ്ടു കിടക്കുന്ന മരുഭൂമിയിലും ഇനി അവറ്റകള്‍ക്ക് മേയാന്‍ സ്ഥലമില്ല. സൂര്യതാപം ഏല്‍ക്കാന്‍ പോലും ഞാന്‍ ഭയപ്പെടുന്നു. പ്രകൃതിയിലെ വായു ശ്വസിക്കുവാനും ഭയപ്പെടുന്നു. എവിടെയാണ് വിഷമയമുള്ള രാസ വായുവെന്നും എനിക്കറിയില്ല. ഈ ചെറുപ്രായത്തില്‍ തന്നെ എന്റേതായ വാന്ക്രൂവറില്‍ അച്ഛനുമൊത്തു മീന്‍പിടിക്കുവാനായി ഞാന്‍ പുഴയില്‍ പോവുമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പു പുഴയില്‍നിന്നു പിടിച്ച ഒരു മത്സ്യത്തിന് ആകമാനം ഗുരുതരമായ കാന്‍സര്‍ രോഗം കണ്ടു. പക്ഷിമൃഗാദികളും വൃഷങ്ങളും ഔഷധച്ചെടികളും ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായ വംശനാശത്തിലാണെന്ന് ഇന്നു നാം കേള്‍ക്കുന്നു. എനിക്കു ചുറ്റുമുള്ള ഈ കൊച്ചു ജീവിതത്തിൽതന്നെ വന്യമൃഗാദികളും കാടുകളും കാട്ടാറുകളും പൂക്കളും പൂമ്പാറ്റകളും തുമ്പികളും വര്‍ണ്ണപ്പകിട്ടാര്‍ന്ന പക്ഷികളും ഉണ്ടെന്ന് അറിയുന്നു. എന്നാല്‍ നാളത്തെ എന്‍റെ കുഞ്ഞുങ്ങള്‍ക്കോ അവരുടെ കുഞ്ഞുങ്ങള്‍ക്കോ പ്രകൃതിയുടെ ഈ മനോഹാരിതയെ ദര്‍ശിക്കുവാൻ കഴിയുമോ? നാളെയുടെ വിസ്മയ ലോകത്തിലെവിടെയെങ്കിലും ജീവനില്‍ ബാക്കിയെന്തുണ്ടെന്നു ആരറിയുന്നു?
നിങ്ങൾ, കുട്ടികളായിരുന്ന സമയത്തു എന്‍റെ ഈ പ്രായത്തിൽ ഞാന്‍ ഇന്നനുഭവിക്കുന്ന, ഇന്നത്തെ ദുഃഖം നിങ്ങൾക്കന്നുണ്ടായിരുന്നുവോ? കുഞ്ഞായിരിക്കുമ്പോള്‍തന്നെ ഭൂമിക്കു വരുന്ന ഈ മാറ്റത്തെപ്പറ്റി ബോധവാന്‍മാരായിരിക്കണം. ഓരോരുത്തരും ചിന്തിക്കണം. ഇതിനുള്ള പരിഹാരം കാണണം. ഇന്നു ഞാന്‍ ഒരു കൊച്ചുകുട്ടിയാണ്. ഇന്നു പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ എന്‍റെ മനസ്സിലൊന്നുമില്ല. .
പ്രകൃതിയുടെ ഈ ദുഖത്തില്‍, ശ്വാശതമായ ഒരു പരിഹാരം കാണുവാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍, ഇന്നു മനസിലാക്കുക, കഴിഞ്ഞതിനെ നിങ്ങള്ക്കു തിരുത്തുവാന്‍ സാധിക്കുകയില്ല. ഒഴുകിയിരുന്ന കാട്ടാറിനെ തിരിയെ കൊണ്ടുവരുവാൻ നിങ്ങള്‍ക്കറിയില്ല. വംശനാശംവന്ന പക്ഷിമൃഗാദികള്‍ക്കു പുതുജീവൻ നല്‍കുവാനും നിങ്ങള്‍ക്കു സാധ്യമല്ല. ഒരിക്കല്‍, വനാന്തരങ്ങളായിരുന്ന മരുഭൂമികള്‍, പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ സാധിക്കുമോ?
പ്രശ്നങ്ങള്‍ക്കു പരിഹാരം നിങ്ങള്‍ക്കറിയില്ലെങ്കിൽ പ്രകൃതിയെ നശിപ്പിക്കുന്നതെങ്കിലും അവസാനിപ്പിക്കൂ. ഒരുപക്ഷേ ഇവിടെ ആഗതരായിരിക്കുന്ന നിങ്ങള്‍, സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്ന നയതന്ത്രജ്ഞരായിരിക്കാം. വ്യവസായിയോ സംഘാടകരോ വാര്‍ത്താലേഖകരോ രാഷ്ട്രീയപ്രവര്‍ത്തകരോ ആയിരിക്കാം. യഥാര്‍ഥത്തില്‍ നിങ്ങള്‍, അപ്പന്മാരും അമ്മമാരും സഹോദരീ സഹോദരന്മാരും അങ്കിള്‍മാരും ആന്റിമാരുമൊക്കെയായിരിക്കാം. എങ്കിലും നിങ്ങളും എന്നെപ്പോലെ മാതാ പിതാക്കളുടെ മക്കളാണ്. നിങ്ങളില്‍, പലര്‍ക്കും മക്കളും കാണാം. ഒരു കൊച്ചുകുട്ടിയായ ഞാനും നിങ്ങളും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.എങ്കിലും നാം കോടാനുകൂടി ജീവന്‍റെ വംശമായ കുടുംബത്തിന്‍റെ ശക്തിയേറിയ ഭാഗമെന്നുമറിയാം. നമ്മള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍, ഒരിക്കലും മാറ്റങ്ങള്‍ക്കായി പിന്നിലേക്കു ചിന്തിക്കുകയില്ല. ഞാന്‍ ഏകമായ ഈ ലോകത്തിലെ ഒരേ ലക്ഷ്യത്തോടെ മുമ്പോട്ടു ചലിക്കുന്ന ഒരു ചെറിയ കുട്ടി മാത്രം. എന്‍റെ കൊച്ചു ലോകത്തില്‍ നിന്ന് ഞങ്ങൾ ഉള്‍പ്പെട്ട വലിയ ലോകത്തോട് ഒരേ ലക്ഷ്യത്തോടെ ഏകമായ മനസ്സോടെ സംസാരിക്കുവാനും ഞാനിന്നു ഭയപ്പെടുന്നില്ല. എന്‍റെ രാജ്യത്തുള്ള മനുഷ്യർ വാങ്ങിക്കുക, കളയുക മുതലായ പാഴായ ആഢംബരചെലവുകളില്‍ക്കൂടി സ്വാര്‍ത്ഥതാൽപര്യങ്ങളോടെ സമ്പത്ത് ധൂര്‍ത്തടിക്കുന്നതു കാണാം.
സാമ്പത്തികമായി ഉയർന്ന നിലവാരം പുലർത്തുന്ന എന്‍റെ രാജ്യം വിഭവങ്ങള്‍ പാഴാക്കി കളഞ്ഞാലും സമൂഹത്തില്‍ താഴേക്കിടയില്‍ കഴിയുന്നവരെ സഹായിക്കുകയില്ല. കാനഡായില്‍ ജനിച്ച ഞാന്‍ ഭാഗ്യവതിയാണ്. അവിടെ പ്രകൃതി അനുഗ്രഹിച്ച് ശുദ്ധജലം ധാരാളം, പാര്‍പ്പിടവും ഭക്ഷണവും കമ്പ്യൂട്ടറും ടെലിവിഷനും കാറും ജനത്തിനുണ്ട്.
രണ്ടു ദിവസംമുമ്പ് ബ്രസീലില്‍വെച്ച് ഒരു കുട്ടി തെരുവില്‍, ജീവിക്കുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ആ കുട്ടി പറഞ്ഞത് ഇങ്ങനെയാണ് "ഞാന്‍ ധനികയായി ജനിച്ചിരുന്നുവെങ്കില്‍ എന്നു ആഗ്രഹിച്ചു പോവുന്നു.എങ്കിലിന്ന് എല്ലാ ദരിദ്രകുഞ്ഞുങ്ങള്‍ക്കും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും, സ്നേഹവും വാത്സല്ല്യവും ഞാന്‍ വാരികൊടുക്കുമായിരുന്നു."
യാതൊന്നുമില്ലാത്ത തെരുവിലെ ഒരു കുഞ്ഞുകുട്ടി തനിക്കുള്ളതു പങ്കുവെക്കാൻ തയ്യാറാണെങ്കിൽ, സുഭിക്ഷത അനുഭവിക്കുന്ന നമ്മളെന്തുകൊണ്ടു സ്വാര്ഥരാകുന്നു. വികാരങ്ങളിലടിമപ്പെട്ട് എനിക്കു മനസ്സിൻറെ ചിന്തകളെ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല. എന്റേ പ്രായം മാത്രമുള്ള ഒരു കുട്ടിയുടെ കരളലിയിക്കുന്ന കഥയാണിത്.
നമ്മള്‍ ജനിക്കുന്നത് എവിടെയെന്നനുസരിച്ചു നമ്മില്‍തന്നെ ബൃഹത്തായ അന്തരങ്ങളുണ്ട്. ഞാന്‍ ഒരു വികലാംഗ ആയിരിക്കാം. ഒരുപക്ഷേ സോമാലിയയിൽ വിശക്കുന്ന വയറുമായി ജനിച്ചേക്കാം; മിഡില്ഈസ്റ്റ് രാജ്യങ്ങളിലെ യുദ്ധഭൂമിയില്‍ തടവറക്കുള്ളിലെ ഒരു ബലിയാടായേനെ. അല്ലെങ്കില്‍ ഇന്ത്യയിലെ കുടിലിൽ, എവിടെയോ ജനിച്ച ഭിക്ഷ തേടുന്ന ഒരുവള്‍ ആയേനെ.
എല്ലാം തിരിച്ചറിയുവാനായി ഞാന്‍ ഒരു കൊച്ചു കുട്ടിയാണെങ്കിലും ചിന്തിക്കുക. യുദ്ധത്തിനായി മനുഷ്യജാതിയെ കൊന്നൊടുക്കി രാജ്യങ്ങള്‍ ധനം ദുര്‍വിനിയോഗം ചെയ്യുന്നു. പ്രകൃതിയുടെ ദുരിതങ്ങളെ പഠിക്കുവാനായി, പരിസ്ഥിതിയെ സംരക്ഷിക്കുവാനായി ഇവർ പണം ചിലവാക്കിയിരുന്നെങ്കിലെന്ന് ആശിച്ചുപോവുന്നു. ദാരിദ്ര്യം ഉന്മൂലനം ചെയ്യുവാന്‍ ശ്രമിച്ചിരുന്നെങ്കിലും ഈ ലോകം എന്തു സുന്ദരമാകുമായിരുന്നു.
സ്കൂളിലെ കുഞ്ഞു ക്ലാസ്സുകളിൽ അധ്യാപകര്‍, നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുന്നു. വഴക്കുണ്ടാക്കരുതെന്നു നമ്മളെ ഉപദേശിക്കുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നു സാരോപദേശം ഉണ്ട്. തീര്ന്നില്ല, അടുക്കും ചിട്ടയുമുള്ള ജീവിതമായിരിക്കണം, താറുമാറായ ജീവിതം ആയിരിക്കരുത്, മറ്റു ജീവജാലങ്ങളെ ഉപദ്രവിക്കരുതെന്നെല്ലാം പഠിപ്പിക്കുന്നു. സ്വാർധതയില്ലാതെ സ്വന്തമായതെല്ലാം പങ്കു വെക്കണമെന്നും പറയും.
നിങ്ങള്‍ ചെയ്യാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യണമെന്നു നിങ്ങള്‍ എന്തിനു ഞങ്ങളെ ഉപദേശിക്കുന്നു? ഈ മഹാ സമ്മേളനത്തില്‍ പങ്കുചേര്‍ന്ന ദിനം നിങ്ങള്‍ മറക്കരുത്. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായി സുന്ദരമായ പ്രകൃതിയെ സംരക്ഷിക്കുക, ഞങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളാണ്. ഏതുതരം ലോകത്തിലാണു നിങ്ങള്‍ ജീവിച്ചതെന്നും ചിന്തിക്കുക. എല്ലാ മാതാപിതാക്കളും പറയും അവരുടെ തീരുമാനവും ചെയ്യുന്നതെല്ലാം ശരി. എന്നാല്‍, ഇതു ലോകാവസാനമൊന്നുമല്ല. ഞങ്ങളാല്‍, കഴിയുന്നതു ഞങ്ങള്‍ ചെയ്യുന്നുണ്ട്.
അറിയുക, ഇന്നുമുതല്‍ നിങ്ങൾക്കു ഞങ്ങളോട് അങ്ങനെ പറയുവാനായി ഇനി സാധിക്കുമെന്നു തോന്നുന്നില്ല. ഞങ്ങള്‍, നിങ്ങളുടെ ജീവിതത്തിലെ സർവ്വവിധ പരിഗണനകളോടെയും ബന്ധിപ്പിക്കുന്ന കണ്ണികളല്ലേ? എന്‍റെ അച്ഛന്‍, പറയും, നീ ചെയ്യേണ്ട കടമകളൊക്കെ ചെയ്യൂ? നീ പറയുന്നതല്ല ശരി. വാസ്തവത്തില്‍ ഇന്നു രാത്രി ഞാന്‍ കരയുകയായിരുന്നു. അച്ഛനിപ്പോഴും പറയുന്നു ഞങ്ങളെ സ്നേഹിക്കുന്നുവെന്നും. എങ്കില്‍ ദയവായി സ്വന്തം പ്രവൃത്തിയില്‍ക്കൂടി മാറ്റങ്ങളെ പ്രതിഫലിപ്പിച്ചു സ്നേഹം പ്രകടിപ്പിക്കൂ. ഞങ്ങള്‍ വസിക്കുന്ന പ്രകൃതിയോടു നീതി കാണിച്ചാലും."
No comments:
Post a Comment