Sunday, June 9, 2013

അവതാരിക


By Chacko Kalarickal


 ഇടുങ്ങിയ വൃത്തങ്ങളി തടഞ്ഞു കിടക്കുന്നവ

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വതന്ത്രചിന്തകർ‍ക്ക്‌ പള്ളിക്കകത്ത്‌ സ്ഥാനം ഇല്ലെന്നു പറഞ്ഞാൽ അതൊരു കപട പ്രസ്താവനയാകില്ല. പള്ളിയോടും പട്ടക്കാരോടും  'ആമേൻ' മൂളി തലച്ചോറും ശരീരവും വില്‍ക്കുന്നത് സമകാലിക വിപല്സന്ധിയാണ്. അടിച്ചമർത്തിലിലൂടെ മൃഗതുല്യരായി ജീവിക്കാൻ വിധിക്കപ്പെട്ട വർ‍ഗമാണ് ക്രൈസ്തവർ.  പൌരോഹിത്യത്തിനു മേല്‍ക്കോയ്മയുള്ള, ഉച്ചനീചനുസ്വഭാവമുള്ള സഭാശ്രേണിയുടെ ഏറ്റവും അടിത്തട്ടിലാണ് ക്രിസ്തീയ വിശ്വാസികൾ. സ്വന്തം അധ്വാനംകൊണ്ട് ഉപജീവിക്കുന്ന അവർ  അതിനു മുകളിലുള്ള  മുഴുവൻ പേരുടെയും ഭാരംപേറി താഴ്ത്തപ്പെടുകയാണ്  ഇന്ന്. ഈ സമൂഹം ഞെട്ടിയുണരണമെങ്കിൽ  ഭാവനയെ കൈവെടിഞ്ഞ്  യാഥാർ‍ത്ഥ്യത്തെ പുണരണം. അതിനു സഹായകമാം  വിധത്തിൽ ഒരു ജ്ഞാനിയുടെ ചിന്തയിൽനിന്നുണർ‍ന്ന വരികളാണ് ഈ പുസ്തകം.
  

ഈ പുസ്തകത്തിന്‍റെ കർ‍ത്താവായ ശ്രീ ജോസഫ് പടന്നമാക്കൽ    അലിഗർ മുസ്ലിം യൂണിവേഴ്‍സിറ്റിയില്‍നിന്ന്  ബിരുദാനന്തര ബിരുദം നേടി നാല്‍പ്പതു വർ‍ഷങ്ങൾ‍ക്കുമുമ്പ് അമേരിക്കയിലേക്ക് കുടിയേറി ന്യൂയോർ‍ക്കിൽ  താമസമാക്കിയ ആളാണ്‌. ആയിരക്കണക്കിനു  പുസ്തകങ്ങൾ  വായിച്ചിട്ടുള്ള  ഇദ്ദേഹം ലോകത്തിലെ രണ്ടാമത്തെ വലിയ  വായനശാലയായ  ന്യൂയോർ‍ക്ക്  പുബ്ലിക്ക് ലൈബ്രറിയിലെ  തെക്കേ ഇന്ത്യൻ ഭാക്ഷാവിദഗ്ധനും  ക്യാറ്റലോഗറുമായി മുപ്പതു  വർഷത്തിനുമേൽ സേവനം ചെയ്തു. ഇപ്പോൾ അദ്ദേഹം വിശ്രമ ജീവിതം നയിക്കുന്നു. തന്‍റെ  മനസ്സ് ഒരു വലിയ  രഹസ്യമായി മറ്റുള്ളവരിൽ‍നിന്നു ഒളിപ്പിച്ചുവെക്കാതെ  താനുൾപ്പെട്ടിരിക്കുന്ന    കത്തോലിക്കാസഭയുടെ അഴുക്കുചാലുകളെയും പുഴുക്കൂത്തുകളെയും ഈ പുസ്തകത്തിലെ നാല്പ്പത്  ലേഖനങ്ങളിലൂടെ ആവരണം ചെയ്തിരിക്കുന്നു.

യേശുവിന്‍റെ വചനങ്ങൾ ജീവിതദർ‍ശിയാകുമ്പോൾ സഭാബന്ധത്തിന്‍റെ ചരടിൽ കുടുങ്ങേണ്ട കാര്യമില്ലെന്നും ദൈവജനത്തിനെല്ലാം ഒരേ ചോരയും ഒരേ മനസുമാണെന്നും  ഗ്രന്ഥകാരൻ കരുതുന്നു. സഭയുടെ അധികാരശ്രേണിപോലും  അനാവശ്യമെന്ന് അദ്ദേഹം കരുതുന്നു.  ഈ പുസ്തകത്തിലെ ലേഖനങ്ങളെല്ലാം ഈ കാര്യം വിളിച്ചറിയിക്കുന്നുണ്ട്. ഒരു വിശ്വാസിക്കു വിശ്വസിക്കാൻ സഭയുടെ കാറ്റുവേണ്ട; അവർ‍ക്കു  കുടിക്കാൻ വെള്ളം കലർ‍ന്ന രക്തം വേണ്ടാ; അവർ‍ക്ക് വിശപ്പടക്കാന്‍ കല്ദായമാകുന്ന ഭക്ഷണവും വേണ്ട. ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന സഭാ മേലാധ്യഷന്മാരോടും  പുരോഹിതരോടും ശ്രീ. പടന്നമാക്കലിനു പുച്ഛമാണ്. വിശ്വസിച്ചാലും  ഇല്ലെങ്കിലും വികാരി ചതിക്കും എന്ന നിലപാടിലുമാണ് ഗ്രന്ഥകാരൻ. എന്നാല്പുണ്യപുരോഹിതരെ അദ്ദേഹം ആദരവോടെ കാണുന്നു. കോളേജു വിദ്യാഭ്യാസകാലത്തെ കത്തോലിക്ക ഹോസ്റ്റൽ  ജീവിതാനുഭവങ്ങളും  അടുത്ത കാലത്തായി വടക്കേ അമേരിക്കാ, യൂറോപ്പ്, ആസ്ട്രേലിയാ എന്നിവിടങ്ങളിൽ നടമാടിയ വൈദികരുടെ കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള  അറിവും   അദ്ദേഹത്തിന്‍റെ  മതസംഘടനാ വിരുദ്ധ ധാരണയെ സിമന്റിട്ടുറപ്പിക്കാനേ  കഴിഞ്ഞുള്ളു. ബാലപീഡകരായ വൈദികരും  അവർ‍ക്ക് സംരക്ഷണം  നല്‍കിയ മേലധ്യക്ഷന്മാരും അവരുടെ സ്ഥാനത്തിന്‍റെയും കുപ്പായത്തിന്‍റെയും വില  അഗ്നികുണ്ഡത്തിലെറിഞ്ഞു  നശിപ്പിച്ചു കളഞ്ഞന്നദ്ദേഹം കരുതുന്നു. സഭാധികാരത്തിന്‍റെ  ദുർ‍നടപടികൾ‍കാരണം  ആയിരങ്ങൾ സഭവിട്ടു പോവുമ്പോൾ മതംമാറ്റം മാത്രമല്ല സഭയ്ക്കെതിരായി അത്രയും ശത്രുക്കൾ‍കൂടി വർ‍ദ്ധിക്കുകയാണ്  ചെയ്യുന്നതെന്ന് വിവേകമതിയായ ഗ്രന്ഥകർ‍ത്താവ്  വിവേകാനന്ദനെപ്പോലെ    ചൂണ്ടികാണിക്കുന്നു.

 തെറ്റുകൾ മുഖം നോക്കാതെയും ഭയപ്പെടാതെയും  സത്യമായും കൃത്യമായും തുറന്നു പറയുന്നതാണ്  പ്രവാചകധർ‍മ്മം. ആഡംബര വേഷഭൂഷാദികളും അധികാര ചിഹ്നങ്ങളും പേറി കൊട്ടാരങ്ങളിൽ കഴിയുന്ന തിരുമേനിമാർ കല്പ്പിക്കുന്നതുമാത്രമാണ് ശരിയെന്ന് സ്ഥാപിക്കുവാൻ  ശ്രമിക്കുമ്പോൾ ഓരോ വിശ്വാസിയും പ്രവാചകരാകേണ്ടതുണ്ട്‌.  ഇന്നു  ക്രിസ്ത്യാനികൾ  തെറ്റി ധരിച്ചിരിക്കുന്നത്  സഭയെന്നാൽ സഭയിലെ അധികാരവർ‍ഗമായ മെത്രാന്മാരും പുരോഹിതരുമെന്നാണ്. ഈ ധാരണയെ മാറ്റി ദൈവജനമാണ് സഭയെന്നും ആ സഭയുടെ തലവൻ  യേശുവാണെന്നും സാധാരണ വിശ്വാസികൾ  മനസ്സിലാക്കണം. സഭയെ ശുശ്രുഷിക്കുന്നവർ ഭൌതികസ്ഥാനമാനങ്ങളില്‍നിന്നും വിട്ടുമാറി നില്‍ക്കണം. ആധ്യാത്മികകാര്യങ്ങളിലെ അധികാരമേ യേശു തന്‍റെ ശിഷ്യന്മാർ‍ക്ക് നല്‍കിയിരുന്നുള്ളൂ. നിങ്ങളിൽ ഒന്നാമൻ  ആകുവാൻ ഇച്ഛിക്കുന്നവൻ   എല്ലാവരുടെയും  ദാസനായിരിക്കണമെന്നാണ് യേശു അവരെ ഉപദേശിച്ചത്‌. യേശുതന്നെ തന്‍റെ ശിഷ്യരുടെ കാലുകൾ  കഴുകി മാതൃക കാണിച്ചുകൊടുക്കുകയും ചെയ്തു. യേശു സ്വർഗത്തിന്‍റെ താക്കോൽ പത്രോസിനെ എല്പ്പിച്ചെന്നും  അനന്തരാവകാശിയായി പോപ്പിനാണ് ആ താക്കോലിന്‍റെ അധികാരമെന്നൊക്കെയുള്ള പ്രഘോഷണങ്ങൾ   സുവിശേഷാടിസ്ഥാനത്തിലുള്ളതല്ലെന്നും അതെല്ലാം വെറും ഒരു ഭോഷ്ക്കാണെന്നും   വിശുദ്ധഗ്രന്ഥം വായിക്കുന്ന സാധാരണ വിശ്വാസിക്കുവരെ അറിയാം. ദൈവജനമാകുന്ന രാജകീയ പുരോഹിത ഗണത്തെ അടിച്ചമർ‍ത്തി ഭരിക്കാനുള്ള തന്ത്രത്തിലെ തുരുപ്പുചീട്ടുമാത്രമാണത്.

സ്വർ‍ഗം മോഹിച്ചോ നരകം പേടിച്ചോ അല്ല മനുഷ്യൻ നന്മ ചെയ്യേണ്ടത്. പലസ്തീനായിലെ യേശുവെന്ന  പരമപൂജിതനായ പച്ച മനുഷ്യൻ പഠിപ്പിച്ച സാമൂഹ്യ പാഠമായിരിക്കണം അതിന്‍റെ പിന്നിൽ. സ്വർ‍ഗവും നരകവുമൊക്കെ ഭാവനകൊണ്ടു മനസ്സിൽ കുടിയിരുത്തുന്നതാണെന്നു  ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. ക്രിസ്തു മതവക്താക്കൾ  പറഞ്ഞു പേടിപ്പിക്കുന്ന ഇടമാണ് നരകം. ആ നരകത്തെ പേടിച്ചു സ്വർ‍ഗത്തിന്‍റെ പുറകെ ഓടുന്നവർ പള്ളികളിൽ  വെച്ചിരിക്കുന്ന  അര്‍ത്ഥശൂന്യങ്ങളായ തിരുശേഷിപ്പ്‌ വണക്കങ്ങളിലും  വഴിപാടുകളിലും നേർ‍ച്ച കാഴ്ചകളിലും ചെന്നുപെടും.  വിശ്വാസികളിൽ  അന്ധവിശ്വാസത്തിന്‍റെ വിത്തുകൾ  പാകി പുരോഹിതർ   അതിനെ നൂറുമേനിയായി വിളയിച്ചു കൊയ്തെടുക്കും. ലക്‌ഷ്യം പണം സമ്പാദനം മാത്രം. ഇത്തരം  ക്രിസ്തീയതക്കുമപ്പുറം   ക്രിസ്തുവിനെ സ്വീകരിക്കുന്നവരാണ് ഭാഗ്യവന്മാർ. എന്നാൽ അടുത്തകാലംവരെ ഒരു വിശ്വാസിയെയും  തിരുവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ‍വരെ  സഭ അനുവദിച്ചിരുന്നില്ല. ആരെങ്കിലും വിശുദ്ധഗ്രന്ഥം മറ്റു ഭാഷകളിലേക്ക് വിവർ‍ത്തനം ചെയ്‌താൽവായിച്ചു പഠിച്ചാൽ, ഇങ്ക്വിസിഷൻ‍വഴി അയാളെ ജീവനോടെ ചുട്ടുകരിച്ചു കൊല്ലുമായിരുന്നു. ആര്യന്മാർ  എഴുതിയ വേദം കേൾ‍ക്കുന്ന ശൂദ്രന്‍റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നൊരു ബ്രാഹ്മണ നിയമമുണ്ടായിരുന്നുവെങ്കിലും ശൂദ്രനെ ചുട്ടുകരിച്ചു കൊല്ലുമായിരുന്നില്ല. 

വർ‍ത്തമാനകാലത്തിന്‍റെ  നൊമ്പരമാണ് ശ്രീ പടന്നമാക്കലിന്‍റെ ഓരോ ലേഖനവും. കാരണം ചിന്തയില്ലാത്ത ഭോഷന്മാരെ അടിമകളാക്കി അവരുടെ അധ്വാനത്തിന്‍റെ ഫലം അനുഭവിച്ചു പുരോഹിതർ സുഖിച്ചു കഴിയുന്നു.  കത്തോലിക്കാസഭ അനുദിനം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഇന്നു ലോകത്തിൽ കാണുന്നത്.  എഴുതാതിരുന്ന കാലത്ത് ശ്രീ. പടന്നമാക്കലിനെ ആരും വിമർശിച്ചിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്‍റെ തൂലികാചലനത്തിന്‍റെപേരിൽ  അദ്ദേഹത്തെ അവിശ്വാസിയെന്ന് മുദ്രയടിക്കാൻ ചില പ്രതിലോമകക്ഷികൾ ധൈര്യപ്പെട്ടു. വിമർശനങ്ങളുടെ  ശരങ്ങൾ പറഞ്ഞുവരുമ്പോൾ  അതിനെ നേരിടാൻ തക്കവിധം കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയും വിമർശകരെ വിരട്ടിയോടിക്കാൻ മദമിളകിയെത്തുന്ന കാട്ടാനയെയും വെട്ടാൻ വരുന്ന കാട്ടുപോത്തിനെയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും അദ്ദേഹത്തിനുണ്ട്.  ഇത് ഓരോ ലേഖനവും വെളിപ്പെടുത്തുന്നു.  പുരോഹിത തീർ‍ഥാടന കച്ചവടങ്ങളും  ധ്യാനകേന്ദ്രങ്ങളും ശ്രീ. പടന്നമാക്കലിന് അലർ‍ജിയാണ്. ദർ‍ശനത്തിനായി പ്രധാനപ്പെട്ട പള്ളികളിൽ  പോകുമ്പോൾ  ഒരൊറ്റ പൈസപോലും  ഭണ്ഡാരങ്ങളിൽ  കാണിക്കയായി ഇടാതിരിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ഉപദേശം. 

അരമനകളിൽ സുഖജീവിതം കഴിക്കുന്നവർ  പട്ടുവസ്ത്രങ്ങൾ ധരിക്കുന്നവർ, ഏകാധിപത്യഭരണം നടത്തുന്നവർ  മറ്റുള്ളവരോട് എങ്ങനെ വിശ്വസിക്കണം, എങ്ങനെ ജീവിക്കണമെന്നൊക്കെ  കല്പിക്കുന്നത്  അവരുടെമേല്‍ മെക്കിട്ടുകയറലാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.   സമീപകാലത്ത് അന്തരിച്ച  കാർ‍ലോ മാർ‍ട്ടിനി പറഞ്ഞത് സഭ ഇന്ന് ഇരുനൂറു വർഷങ്ങൾ‍ക്കു പിന്നിലാണെന്നാണ്.  കഴിഞ്ഞ നാല്പ്പതുവർ‍ഷങ്ങൾകൊണ്ട് കത്തോലികാ സഭയിലെ മെത്രാന്മാരുടെ എണ്ണം ഇരട്ടിയായി. ഇപ്പോൾ അയ്യായിരത്തിനുമേൽ.‍  അതിയാഥാസ്ഥിതിക ചിന്തകരായ  പുരോഹിതരെ തിരഞ്ഞെടുത്ത് എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയർ‍ത്തുകയാണ്  റോം ചെയ്തുകൊണ്ടിരിക്കുന്നത്. പുരോഗമന ചിന്തയുള്ള ഒരൊറ്റ വൈദികനും മെത്രാൻ‍പദവി കാംക്ഷിക്കേണ്ട. ഈ ദുർ‍വിധിയിൽ ദൈവജനം ദു:ഖിതരാണ്. സഭയിലെ കീറാമുട്ടികളായ  പൌരാഹിത്യത്തിലെ  മൂല്യച്യൂതി, ലൈംഗിക സദാചാരമില്ലായ്മ ,   സ്വവർ‍ഗരതി, വൈദിക ബ്രഹ്മചര്യം, വൈദിക ബാലരതി, വൈദികക്ഷാമം സ്ത്രീവിവേചനം സ്ത്രീ പൌരാഹിത്യം, സഭാഭരണം സാമ്പത്തികസുതാര്യത , മെത്രാന്മാരുടെ തെരഞ്ഞെടുപ്പ് വൃദ്ധരും യാഥാസ്ഥിതികരുമായ മെത്രാന്മാരും  മാർപാപ്പാമാരും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും,  ആരാധനക്രമം തുടങ്ങിയ വിഷയങ്ങളിൽ ദൈവജനത്തിന്‍റെ  ശബ്ദത്തിനു യാതൊരു വിലയും സഭാധികാരികൾ നല്‍കുന്നില്ല. അതൃപ്തരായ ദൈവജനം സഭയില്‍നിന്നുകൊണ്ട്  പാറേക്കലെത്തയുടെ  സാന്നിധ്യത്തിൽ ധൈര്യം സംഭരിച്ചുകൊണ്ട് മാറ്റത്തിനായി മുറവിളികൂടുമ്പോൾ വേറൊരുപറ്റം വിശ്വാസികൾ നിരാശരായി സഭ വിട്ടുപോവുന്നു. ‘അറിവിനെ അതിക്രമിക്കുന്ന ക്രിസ്തു സ്നേഹത്തെ മനസ്സിലാക്കി’ യവരാണ് മനംമടിപ്പില്ലാതെ ഇന്നും അജിയോർ‍ണമെന്റ്റോ (aggiornamento) യ്ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
 
ദൈവത്തിന്‍റെ വികാരിയും ദൈവത്തിന്‍റെ ഔദ്യോഗിക ദ്വിഭാഷിയും തെറ്റാവരക്കാരനനുമായ പോപ്പിന്‍റെ തീരുമാനം സ്ഥിരവും സമ്പൂർ‍ണവും  അത്യന്തികവുമാകയാൽ കത്തോലിക്കാസഭ പോപ്പാകുന്ന വ്യക്തിയിൽ തൂങ്ങി നില്‍ക്കുകയാണ്. രണ്ടാം വത്തിക്കാൻ കൌണ്‍സിലിലെ 'ദൈവജനം' എന്ന ആശയം കാറ്റിൽ പറന്നതുപോലെ സംഘാതാത്മകത (collegiality )യും കാറ്റില്‍ പറന്നുപോയി.

സീറോമലബാർസഭ മുഴുവനായിത്തന്നെ ഇന്ന് അലങ്കോലപ്പെട്ടുകിടക്കുകയാണ്. ലോകത്തൊരിടത്തുമില്ലാത്ത ബുർഷ്വാ  മനസ്ഥിതിയാണ് സഭാധികാരികള്‍ക്ക്. ശുശ്രൂഷ എന്ന വാക്ക് അവർ കേട്ടിട്ടില്ലെന്നു  തോന്നും അവരുടെ  പ്രവർ‍ത്തികൾ കണ്ടാൽ. ‍ ജനങ്ങളെ ഭരിച്ചും ജമ്പോ ദേവാലയങ്ങൾ പണുതും  ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകൾ നിർ‍മ്മിച്ചും എസ്റ്റെറ്റുകൾ വാങ്ങിയും അന്ധവിശ്വാസം പ്രചരിപ്പിച്ചും സഭയിൽ കലഹമുണ്ടാക്കിയും അവർ വാണരുളുന്നു. അവർ വസിക്കുന്ന അരമനകളുടെ അടുത്ത് ചെല്ലാൻ ഒരു സാധാരണ വിശ്വാസി മടിക്കും; ഭയപ്പെടും. അത്രയ്ക്കും കെട്ടിലും മട്ടിലുമാണ് എല്ലാ അരമനകളും. വിശ്വാസികളെ അടിമകളാക്കി ഭരിക്കുന്നതിൽ അവർ തൃപ്തി നേടുന്നു. സീറോ മലബാർ സഭയ്ക്ക് സ്വയംഭരണം ലഭിച്ചപ്പോൾ മാർത്തോമായുടെ മാർ‍ഗത്തിലേക്കു  തിരിച്ചു പോകണ്ടതിനുപകരം കല്‍ദായ ലിറ്റർ‍ജിയും ലത്തീൻ സഭാഭരണ സമ്പ്രദായവും പുതിയ കാനോൻ നിയമവുംകൊണ്ട് നമ്മുടെ മേല്പട്ടക്കാർ തൃപ്തരായി. കല്ദായീകരണത്തിന്‍റെ ഭാഗമായി മാനിക്കേയൻ കുരിശും അള്‍ത്താരയുടെ  മുമ്പിൽ ശീലതൂക്കലും നടപ്പിലാക്കി. അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും കാരണം എല്ലാ രൂപതകളും ഇത്തരം മാറ്റത്തിനു  സഹകരിക്കുന്നില്ലതാനും. അങ്ങനെ നൂറ്റാണ്ടുകളോളം സ്വരുമയിലും പരസ്പര സ്നേഹത്തിലും കഴിഞ്ഞിരുന്ന നസ്രാണി കത്തോലിക്കാസഭ വിഭാഗീയ  ചിന്തകള്‍കൊണ്ട് ആകെ താറുമാറാകുകയും  ചെയ്തു. തൃശൂരുനിന്ന് ഒരു വല്ല്യച്ചൻ ചങ്ങനാശേരിയിലെത്തിയാൽ  ചങ്ങനാശേരിയിലെ ഒരു കൊച്ചച്ചന്‍ എങ്ങനെ കുർബ്ബാന ചെല്ലണമെന്ന് വല്ല്യച്ചനെ പഠിപ്പിക്കണ്ട ഗതികേടിലെയ്ക്ക് സഭ അധപതിച്ചുപോയി. അറിവും  പക്വതയും  എളിമയും നേത്രുത്വ ഗുണവും വിട്ടുവീഴ്ചാ മനസ്തിയുമൊക്കെയുള്ള മെത്രാന്മാരുടെ അഭാവവും അതെസമയം മർ‍ക്കടമുഷ്ടിയുള്ള ചില മെത്രാന്മാരുടെ അതിപ്രസരിപ്പും സീറോ  മലബാർസഭയിൽ ഉണ്ടായതാണ് ആ സഭയുടെ നാരായവേരിനു കോടാലിവയ്ക്കാൻ പ്രധാന കാരണം. നമ്മുടെ സഭയ്ക്ക് എന്താണ്  കുഴപ്പം എന്നു  ചോദിക്കുന്ന ഉപരിപ്ലവകാരികളുണ്ട്. കുഴപ്പം എന്തെന്നറിയാൻ ഒരിരുപതുകൊല്ലംകൂടി ജീവിച്ചിരുന്നാൽ മതി.

യേശുവിന്‍റെ വചനങ്ങളെ വികൃതമാക്കുന്ന സഭാധികാരികൾ " മനസുള്ളവർ സഭയിൽ‍നിന്നാൽ‍മതി" എന്നുവരെ പ്രഖ്യാപിക്കുമ്പോൾ റോമിന്‍റെ അഹന്ത എന്തുമാത്രമെന്നും യേശുവിന്‍റെ  പാഠങ്ങളിൽ‍നിന്ന് റോം എന്തുമാത്രം അകന്നുപോയിയെന്നും നാം ചിന്തിക്കണം. ഭോഷന്മാരായ വിശ്വാസികൾ സഭയിൽ എന്നും കാണുമെന്നു സഭാധികാരത്തിനറിയാം. എന്നാൽ ബഹുഭൂരിപക്ഷം വിശ്വാസികളും സഭയുടെ ഇന്നത്തെ നിലപാടിൽ വേദനിക്കുന്നവരാണ്. എടുക്കാൻ ഭാരമുള്ള ചുമടുകൾ വിശ്വാസികളുടെ ചുമലിൽ സ്ഥാപിതസഭ കെട്ടി വെയ്ക്കുന്നത് കഷ്ടമാണ്. കാലോചിതമായ പരിഷ്കാരങ്ങളും പരിവർ‍ത്തനങ്ങളും നവീകരണങ്ങളും സഭയിൽ വരുന്നില്ലങ്കിൽ വിശ്വാസികൾ സ്വയം ചുമടുകൾ വലിച്ചെറിഞ്ഞു സ്വതന്ത്രരാകും.

യേശുവിലും അദ്ദേഹത്തിന്‍റെ വചനങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന പടന്നമാക്കൽ സഭയുടെ സംഘിടിതശ്രേണിയെയും അതിന്‍റെ കൊള്ളരുതായ്മകളെയും മാത്രമാണ് എതിർക്കുന്നത്. ദൈവവിശ്വാസത്തിലും മനുഷ്യസ്നേഹത്തിലും ഉറച്ച ക്രൈസ്തവതയെ അദ്ദേഹം എതിർക്കുന്നില്ല. മറിച്ച് ഉയർത്തിപ്പിടിക്കുകയാണ്. ക്രിസ്തുവിന്‍റെ വചനങ്ങളെ പിന്തുടരുന്ന പടന്നമാക്കലിന്‍റെ ശ്രമങ്ങളെ സർവാത്മനാ ആദരിക്കുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകൾ അർപ്പിക്കുന്നതോടൊപ്പം ഈ പുസ്തകം പൊതുജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

 ചാക്കോ കളരിക്കൽ,ഡിട്രോയിറ്റ് ckalarickal10@gmail.com




12/08/2012




 ചാക്കോ കളരിക്ക,ഡിട്രോയിറ്റ് ckalarickal10@gmail.com





12/08/2012
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...