കഴിഞ്ഞ വർഷം വാർത്താലേഖകരുമായുള്ള ഒരു അഭിമുഖസംഭാഷണത്തിൽ ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു; " സെമിനാരിയിൽ പഠിക്കുന്ന യുവാവായിരുന്ന കാലത്ത് എന്റെ അമ്മാവന്റെ വിവാഹസമയം കണ്ണഞ്ചുംവിധം സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാൻ കണ്ടുമുട്ടി. അവളുടെ സൌന്ദര്യത്തിലും അതിബുദ്ധിയിലും ചുറുചുറുക്കിലും മയങ്ങിപോയി. അങ്ങനെയേറെനാൾ എന്റെ മനസിനെ ഞാൻ പന്തുതട്ടികൊണ്ടിരുന്നു."
ഭാവിമാർപാപ്പാ പറഞ്ഞു, "ഞാൻ എന്നും അവളെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു. ഒഴിച്ചുകൂടാൻ പാടില്ലാത്തവിധം അവൾ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി. അമ്മാവന്റെ വിവാഹംകഴിഞ്ഞ് ഞാൻ സെമിനാരിയിൽ മടങ്ങിവന്നു. ആഴ്ചകളോളം എനിക്ക് പ്രാർഥിക്കുവാൻ കഴിയുകയില്ലായിരുന്നു. ഏകാന്തതയിൽ ദൈവത്തോട് സല്ലപിക്കുന്ന സമയവും അവൾ എന്റെ മനസ്സിൽ കടന്നുകൂടും. വീണ്ടുംവീണ്ടും എന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. വിട്ടുപോകാത്ത ചിന്തകളുമായി മനസ്സുതന്നെ ഭ്രാന്തുപിടിച്ചു. പൌരാഹിത്യം വേണൊ, സ്നേഹിച്ച കുട്ടിയെ വേണോ? ഇങ്ങനെ ഉത്തരമില്ലാത്ത ചോദ്യത്തിനുമുമ്പിൽ ഞാൻ എന്റെ മനസ്സിനെ കാടുകയറ്റി." പൌരാഹിത്യം സ്വീകരിച്ചെങ്കിലും എല്ലാവർക്കും നിർണ്ണായകമായ ഇത്തരം തീരുമാനങ്ങൾ കൈകൊള്ളുവാൻ സാധിക്കുകയില്ലെന്നും മാർപാപ്പക്കറിയാം.
മാർപാപ്പാ കർദ്ദിനാളായിരുന്ന കാലങ്ങളിൽ പറഞ്ഞത്, 'കത്തോലിക്ക'സഭയുടെ നിയമം അനുസരിച്ച് പുരോഹിതൻ അവിവാഹിതനായിരിക്കണം. മാറ്റങ്ങൾ സാദ്ധ്യമാണ്. കിഴക്കിന്റെ സഭകളിലെ വിവാഹിതരായ പുരോഹിതരെല്ലാം നല്ല മനുഷ്യരാണ്. റോമൻ കത്തോലിക്കാസഭയിൽ പുരോഹിതരെയും വിവാഹം കഴിക്കുവാൻ അനുവദിക്കുന്നത് പ്രായോഗികവും ബുദ്ധിപരവുമായിരിക്കും. എന്നാൽ ഇന്നു സഭയിൽ ബ്രഹ്മചര്യം നിർബന്ധമാണ്. പുരോഹിതർക്ക് ലൈംഗികവികാരങ്ങളെ പിടിച്ചു നിറുത്തുവാൻ സാധിക്കുന്നില്ലെങ്കിൽ, ഒരു സ്ത്രീയെ ഗർഭീണിയാക്കുന്നുവെങ്കിൽ പൌരാഹിത്യം ഉപേക്ഷിച്ച് വിവാഹം ചെയ്യണം. പുരോഹിതനായി ഒരു കുട്ടിയുടെ അച്ഛനാവുന്നെങ്കിൽ തനിക്കു ജനിച്ച കുട്ടിയെയും അമ്മയെയും പരിപാലിക്കേണ്ടത് ധാർമ്മികകടമയാണ്.
സ്പാനിഷിൽ എഴുതിയ 'സ്വർഗവും ഭൂമിയും' എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അന്ന് അദ്ദേഹം മെത്രാപോലീത്തായായിരുന്നു. വത്തിക്കാനിലെ ഫാദർ തോമസ് റീസ് കത്തോലിക്ക റിപ്പോർട്ടർ എന്ന മാസികവഴി വിശകലനം ചെയ്തത്, ''മാർപാപ്പയുടെ അന്നത്തെ പ്രസ്താവന എന്നെ വിസ്മയപ്പെടുത്തിയെന്നാണ്. കാരണം, ഈ വിഷയങ്ങൾ കഴിഞ്ഞകാല മാർപാപ്പാമാർ സംസാരിക്കുവാൻപോലും തയ്യാറായിരുന്നില്ല. മാറ്റങ്ങൾ സാധ്യമല്ലെന്ന് അവർ എന്നും വ്യക്തമാക്കിയിരുന്നു. ഫ്രാൻസീസ് മാർപാപ്പാ നിയമങ്ങൾ മാറ്റിയില്ലെങ്കിലും പുരോഹിതരുടെ ബ്രഹ്മചര്യനുഷ്ഠാന മാറ്റത്തിനായി ചർച്ചചെയ്തേക്കാം. അദ്ദേഹം അതിനു തയാറാകുവാൻ ആഗ്രഹിക്കുന്നുവെന്ന സൂചനയുമുണ്ടെന്നു" തോമസ് റീസ് പറഞ്ഞു.
ഭാവി മാർപാപ്പാ തുടർന്നു. "എനിക്കുണ്ടായ അനുഭവംപോലെ ഇന്നൊരു സെമിനാരിക്കുട്ടിക്ക് അങ്ങനെ സംഭവിച്ചെങ്കിൽ 'മോനെ, നീ സ്വയം വഞ്ചിതനായ പുരോഹിതനാകാതെ നല്ല ക്രിസ്ത്യാനിയായി മടങ്ങിപോവൂ' എന്നു ഞാൻ പറയും. 'പൌരാഹിത്യം നിനക്കുള്ളതല്ല. ഞാൻ ഉൾപ്പെടുന്ന പാശ്ചാത്യ പൌരാഹിത്യസഭയിൽ വിവാഹിതനാകുവാൻ അനുവദിക്കുകയില്ല. ഉക്ക്രേനും ഗ്രീസും റഷ്യൻ കത്തോലിക്കാ സഭകളും പുരോഹിതരെ വിവാഹിതരാകുവാൻ അനുവദിക്കും. എന്നാൽ ബിഷപ്പാവണമെങ്കിൽ ബ്രഹ്മചര്യം പാലിക്കണം. വിവാഹിതരായ ഇവരും പരിപൂർണ്ണമായും തങ്ങളുടെ ആദർശത്തെ കാത്തുസൂക്ഷിക്കുന്നു. പടിഞ്ഞാറൻ കത്തോലിക്കരും സംഘടനകളും പുരോഹിതരുടെ അവിവാഹിതാവസ്ഥയെ ചോദ്യംചെയ്യുന്നുണ്ട്. ചർച്ചകൾ ആവശ്യപ്പെടുന്നു. എന്നാൽ സഭയിൽ ബ്രഹ്മചര്യനിയമങ്ങൾ കർശനമാണ്.
തല്ക്കാലം ബ്രഹ്മചര്യാനുഷ്ടാനത്തിൽ കണ്ണടച്ചു വീഴ്ച വരുത്തരുത്. ബ്രഹ്മചര്യത്തിൽ ഉണർവോടെ ഉറങ്ങാതെയിരിക്കൂ. പുരോഹിതൻ ബ്രഹ്മചര്യത്തിൽനിന്ന് വ്യതിചലിക്കുന്നുവെങ്കിൽ പൌരാഹിത്യം ഉപേക്ഷിക്കൂ. ഏതെങ്കിലും പുരോഹിതന്റെ മനസ്സ് ചഞ്ചലിക്കുന്നുവെങ്കിൽ, സ്വയം നിയന്ത്രിക്കുവാൻ സാധിക്കാതെ പതറിവീഴുമെന്നു തോന്നുന്നുവെങ്കിൽ എനിക്കയാളെ കരകയറ്റി സഹായിക്കുവാൻ കഴിയും.
ഒരിക്കൽ ഞാനും എന്റെ ജീവിതവുമായി മല്ലടിച്ചതാണ്. കാലുതെറ്റിയവർ വീണ്ടും നേരായ പൌരാഹിത്യവഴിയിൽ വന്നെത്തുന്നവരുണ്ട്. ചിലരില്ല. രണ്ടു വള്ളത്തിലും കാലുവെച്ചുള്ള സഞ്ചാരം നമുക്കും നമ്മുടെ സഭക്കും നന്നല്ല. ഞാൻ അത്തരം ജീവിതശൈലി പുരോഹിതരിൽ ഇഷ്ടപ്പെടുന്നില്ല. കാരണം തെറ്റുകൾ അവിടെ മെനയുകയാണ്. ഞാൻ അവരോടു പറയും, നിനക്ക് നിന്റെ മനസ്സിനെ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നിന്റെ തീരുമാനത്തിന് വിടൂ. വികാരംകൊണ്ട് എരിയുന്നതിലും നിന്റെ മനസ്സിന് വിവാഹജീവിതമാണ് ശാന്തി' "
അവർ പറയുന്നു, "ജോര്ജിനെ ഞാൻ കണ്ടുമുട്ടിയ നാൾമുതൽ വൈകാരികമായ ഒരു അടുപ്പം ഞങ്ങൾ തമ്മിൽ ഉണ്ടായി. പിന്നീട് അത് കുട്ടിപ്രേമമായി മാറി. ജോര്ജ് മറ്റു കൂട്ടുകാരിൽ നിന്നും വ്യത്യസ്തസ്വഭാവക്കാരനായിരുന്നു. പ്രേമം മൊട്ടിട്ടിരുന്ന കാലത്തും ദൈവത്തെപ്പറ്റി പറയുവാനായിരുന്നു അദ്ദേഹത്തിനെന്നും ഇഷ്ടമുണ്ടായിരുന്നത്.
ഒരിക്കൽ ജോർജ് എഴുതിയ ഒരു പ്രേമലേഖനം എനിക്ക് തന്നു. ആ സുവർണ്ണദിനം ഇന്നും ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. എന്നാൽ ആ കത്ത് എന്റെ ജീവിതത്തിൽ ഒരു കൊടുംങ്കാറ്റായി മാറിയിരുന്നു. അതിന്റെ ഭവിഷ്യത്തുകൾ ഏറെയായിരുന്നു. അനുഭവിച്ചത് ഞാനും. കത്ത് കൈവശമാക്കിയ എന്റെ അമ്മ എന്നെ മുഖത്തിനിട്ട് തല്ലി. ഞങ്ങളുടെത് ഒരു യാഥാസ്ഥിതിക കുടുബമായിരുന്നു. ഞാൻ ഓർമ്മിക്കുന്നു, ആ കൊച്ചു കലാകാരന്റെ കത്തിനുള്ളിൽ പച്ചപുല്ലുകളുടെ നടുവിൽ വെള്ളനിറമുള്ള സുന്ദരമായ ഒരു കൊച്ചു വീടും വീടിന്റെ മേല്ക്കൂര ചുവപ്പു നിറവുമായിരുന്നു. ഇങ്ങനെയും എഴുതിയിട്ടുണ്ടായിരുന്നു, "വിവാഹിതനായി ഞാൻ നിന്നെ എന്റേതാക്കുമ്പോൾ നിനക്കായി ഞാൻ വാങ്ങുന്ന നമ്മുടെ കൊച്ചു ഭവനമാണിത്. നിന്നെ എനിക്കു സ്വന്തമാക്കുവാൻ സാധിച്ചില്ലെങ്കിൽ പിന്നീടുള്ള എന്റെ ജീവിതം ഒരു പുരോഹിതനായിട്ടായിരിക്കും"
മാർപാപ്പായുടെ കൂട്ടുകാരിയെന്ന് അർജന്റീനായിലെ പത്രങ്ങൾ എന്റെ പടം അച്ചടിച്ച് പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ എന്റെ ബാല്യകാല ചങ്ങാതിയെ ഒരു നിമിഷം ഓർത്തുപോയി. കുറ്റബോധം എനിക്കിന്നില്ല. കാരണം ഞാൻ അന്ന് ജോര്ജിനെ സ്വന്തമാക്കിയിരുന്നെങ്കിൽ അദ്ദേഹം എനിക്കു മാത്രമുള്ളതാകുമായിരുന്നു. ഇന്ന് സഭയുടെ മണവാളനാണ്. ജനകോടികളുടെ പ്രത്യാശയും. ഒരു പപ്പിപ്രേമംമെന്നല്ലാതെ ഞങ്ങളുടെ ജീവിതത്തിൽ മറ്റൊന്നുമില്ലായിരുന്നു. ദൈവം നല്ലവനാണ്.
എന്റെ അമ്മയാണ് ആ പ്രേമബന്ധത്തെ തകർത്തത്. ഒരിക്കൽ അമ്മ എന്റെ സ്കൂളിൽ വന്നു. ' നിനക്ക് ആണ്‍കുട്ടികളുടെ കത്ത് കിട്ടുന്നുവല്ലേ'യെന്നു പറഞ്ഞ് ശകാരിച്ചു. ഈ പ്രേമത്തിന്റെ പേരിൽ വീട്ടിലൊരിക്കലും സമാധാനം തന്നില്ല. ഞങ്ങളെ തമ്മിൽ പിരിക്കുവാൻ അവരാൽ കഴിയുന്നതെല്ലാം അവർ ചെയ്തു. വിജയിക്കുകയും ചെയ്തു.
No comments:
Post a Comment