ഹിന്ദുക്കള്‍, വേദങ്ങളിലും ഉപനിഷത്തുക്കളും ഭാരതത്തിന്‍റെ പൌരാണികതയെ ദർശിച്ചുകൊണ്ടു സ്വയം അഭിമാനിക്കുന്നുണ്ടെങ്കിലും വേദങ്ങളെപ്പറ്റി അറിവുള്ളവരായിട്ടുള്ള ജനത രണ്ടുശതമാനം പോലും കാണുകയില്ല. ചിലർ, വേദങ്ങളെ വക്രീകരിച്ചു പുതിയ നിര്‍വചനങ്ങളും നല്‍കി ക്രിസ്ത്യാനിക്കും മുസ്ലിമിനും എതിരായി ഉപയോഗിക്കുവാൻ ശ്രമിക്കുന്നു. വേദങ്ങൾ, ഒരു പ്രത്യേക മതവിഭാഗത്തിന് അവകാശപ്പെടുവാനും സാധിക്കുകയില്ല. സനാതന ധര്‍മ്മത്തിലധിഷ്ടിതമായ വേദങ്ങളിലൊരിടത്തും ഹിന്ദു എന്ന ഒരു വാക്കുപോലും ഇല്ല. ഒരു പ്രാചീന ഗ്രന്ഥവും അങ്ങനെ അവകാശപ്പെടുന്നുമില്ല. ക്രിസ്ത്യാനിക്കും മുസ്ലിമിനും ഹിന്ദുവിനെപ്പോലെതന്നെ വേദങ്ങളിലും സനാതന ധര്‍മ്മത്തിലും അഭിമാനിക്കാം. ഇതു നമ്മുടെ പവിത്ര ഭാരതത്തിൻറെ സ്വത്താണ്. സര്‍വ്വമതദർശനങ്ങളും വേദങ്ങളിലുണ്ട്. ക്രിസ്ത്യാനിയുടെ പല ആചാരങ്ങളും തത്ത്വങ്ങളും ഭാരതവേദങ്ങളുടെ തുടക്കമെന്നും തോന്നി പോവാറുണ്ട്.
ബുദ്ധൻറെയും കൃഷ്ണൻറെയും യേശുവിൻറെയും ജനനത്തെ ചുറ്റിയുള്ള ഐതിഹാസിക കഥകൾക്കും സാമ്യമുണ്ടെന്നു പല ചരിത്രഗവേഷണങ്ങളിലും കാണാം. ആദിമ ക്രിസ്ത്യാനികളിലെ കഠിനവ്രതത്തോടു കൂടിയ എകാഗ്രധ്യാനങ്ങൾ ബുദ്ധസാഗാ മുനിമാരില്‍നിന്നു പകര്‍ത്തിയതെന്നു തോന്നിപ്പോവും. തിരുശേഷിപ്പുകൾ, പള്ളിയിൽ ഉപയോഗിക്കുന്ന വിശുദ്ധ ജലം, എന്നിങ്ങനെയുള്ള ആചാരങ്ങളും ക്രിസ്തുവിനു മുമ്പുള്ള ഭാരതത്തിലുണ്ടായിരുന്നു. തീവ്ര ക്രിസ്ത്യാനി മതവിഭാഗക്കാരായ പുരോഹിതരും പാസ്റ്റര്‍മാരും അനേകം പഴയ ആചാരങ്ങളെ തള്ളി കളഞ്ഞിരിക്കാം. 'ആമേന്‍'എന്ന വാക്കും സംസ്കൃതത്തിലെ 'ഓം'എന്ന ദേവവാക്കില്നിന്നും ഉത്ഭവിച്ചതല്ലേ? " Hippolytus of Rome പോലുള്ള ആദി ക്രൈസ്തവ സഭയിലെ വിശുദ്ധരായിരുന്ന പലരും ബ്രാഹ്മണിസത്തിന്‍റെ തത്ത്വങ്ങളിലും അഗാധ വിജ്ഞാനികളായിരുന്നുവെന്നു ബെല്‍ജിയം ചരിത്രകാരനായ Konraad Elst അഭിപ്രായപ്പെട്ടിരിക്കുന്നു. അഗസ്തിനോസ് പുണ്യാളനും പറഞ്ഞതു "ഭാരതത്തിലെക്കുള്ള വിജ്ഞാന അന്വേഷണങ്ങളെ തുടര്‍ന്നുകൊണ്ടിരിക്കണം.വിശ്രമം അരുത്. അവിടം ആദരിക്കേണ്ട അറിവിൻറെ പാവനഭൂമിയാണ്."
നാലാം നൂറ്റാണ്ടു മുതലുളള ക്രിസ്ത്യന്‍സഭകള്‍, വേദങ്ങളെ തള്ളി കളഞ്ഞു. പേഗനിസം മതങ്ങളെ നശിപ്പിക്കുവാൻ തുടങ്ങി. St.ഗ്രീഗരിയെപ്പോലുള്ളവരും ക്രിസ്ത്യാനികളല്ലാത്തവരെ പീഡിപ്പിക്കുവാനും തുടങ്ങി. ഭാരത മഹാചിന്തകരായ അരബിന്ദോ , രവിശങ്കർ, എന്നിവര്‍ ക്രിസ്തു ഇന്ത്യയിലേക്കു വന്നുവെന്നും വിശ്വസിക്കുന്നു. യഹൂദര്‍ക്കില്ലാത്ത പള്ളിയിലെ മണിയടി (ബെല്‍) ഇന്നും ബുദ്ധന്മാര്‍ക്കും ഹിന്ദുക്കള്‍ക്കും ഉണ്ട്.
കുന്തിരിക്കം, വിശുദ്ധ കുര്‍ബാന (പ്രസാദം) ,ഹിന്ദുദേവന്മാര്‍ക്കുള്ളതു പോലെ വിശുദ്ധര്‍ക്കുള്ള പള്ളിയിലെ പ്രത്യേക അള്‍ത്താരകള്‍, വേദിക് ത്രിത്വംപോലെ ക്രിസ്ത്യന്‍ ത്രിത്വം, പരമാത്മാവായ ഏക ദൈവം, പുത്രനില്‍ക്കൂടിയുള്ള ദൈവം, രൂപം എഴുന്നള്ളിച്ചുള്ള ക്രിസ്ത്യന്‍ ഘോഷ യാത്രകൾ എല്ലാം ക്രിസ്ത്യാനികളെ വേദങ്ങളുടെ നാടായ ഭാരതത്തിന്‍റെ തന്നെയും ഭാഗം ആക്കുന്നു. ഇവിടെ ഒന്നായ ആചാരങ്ങളിലഭിമാനിച്ചു ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും പവിത്രമായ ഒരു സഹോദരബന്ധം സ്ഥാപിച്ചുകൂടെ? ഗവേഷണങ്ങൾ, തുടരുന്നപക്ഷം ആഗോള സംസ്കാരത്തിന്‍റെ ഉറവിടം വേദങ്ങളാണെന്നു കാണാം. മതമൌലിക വാദികളെ ശ്രവിക്കാതെ, ക്രിസ്ത്യനാചാരങ്ങളും വേദങ്ങളുടെ തുടർച്ചയെന്ന് എന്തുകൊണ്ടു ക്രിസ്ത്യാനിക്കും അഭിമാനിച്ചു കൂടാ?
"ഹിന്ദു മതത്തിലെ നിങ്ങളും ദൈവമാണ്," എന്ന തത്ത്വം വിഡ്ഢികളെ ഉദ്ദേശിച്ചുള്ളതല്ല. സ്വയം ദൈവസാഷാത്കാരം നേടിയവരെയാണ് "നീ ബ്രഹ്മനെന്നു" പറയുന്നത്. അതു തപസ്സുകള്‍കൊണ്ടും അനുഷ്ഠാനങ്ങളാലും നേടിയെടുക്കുന്ന അനുഗ്രഹ സമ്പത്താണ്. ചില മാമുനികൾ അവിടംവരെ എത്തിയെന്നു ഹിന്ദുക്കൾ, വിശ്വസിക്കുന്നു.
മനസ്സാണു ദൈവം എന്ന സങ്കല്‍പ്പത്തിൽക്കൂടി ഭാവരൂപങ്ങളുള്ള ഒരു ദൈവത്തെ മനസ്സിലിട്ടു സൃഷ്ടിക്കുന്നു. സൃഷ്ടികര്‍മ്മം പുതിയതായി ഒരു സൃഷ്ടി നടത്തി സ്വയം ഏറ്റെടുക്കുന്നു. മനസ്സെന്നു പറയുന്നതു തലച്ചോറിൻറെ പ്രവര്‍ത്തനമാണ്. മനസ്സും ബുദ്ധിയുടെ ഉറവിടമായ തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇതു ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങൾ മാത്രം. മനസ്സാകുന്ന ഈ ദൈവത്തിനു ശരീരവും ബുദ്ധിയും വേണോ? മനസ്സൊന്നും സൃഷ്ടിക്കുകയില്ല, കണ്ടുപിടിക്കുകയാണു ചെയ്യുന്നത്. കണ്ടുപിടിക്കുന്നവരെല്ലാം ദൈവങ്ങളോ?
പ്രകൃതിയുടെ സ്വാധീനം അനുസരിച്ചു മനസ്സിന് വ്യതിയാനങ്ങൾ വരും. ദൈവനിര്‍വചനത്തിലിങ്ങനെ വ്യതിയാനങ്ങളോ മാറ്റങ്ങളോയില്ല. പ്രായോഗിക ജീവിതത്തിൽ, മനസ്സു മാറിമാറി ചലിച്ചുകൊണ്ടിരിക്കും. ചുരുക്കത്തിൽ, മനസ്സ് എന്നു പറയുന്നതു മനുഷ്യന്‍റെ ബുദ്ധിതലത്തിനുള്ളില്‍ പ്രവർത്തിക്കുന്ന ഒരുപ്രതിഭാസം. അവിടെ മനസ്സിനെ എന്തിനു ദൈവമാക്കണം? ദൈവത്തിന്‍റെ അസ്തിത്വം, സത്ത സ്വതന്ത്രമാണ്. വാസ്തവികങ്ങളായ പ്രപഞ്ചചലനങ്ങളസരിച്ചു പ്രവര്‍ത്തിക്കുന്ന മനസിന്‍റെ അസ്തിത്വം, സത്ത എങ്ങനെ സ്വതന്ത്രമാകും?
രമണമഹർഷിയും വിവേകാനന്ദനും മതങ്ങളുടെ സത്ത ഉള്കൊണ്ടവരായിരുന്നു. ക്രിസ്തുവിനെ അവരു ക്രിസ്ത്യാനിയെക്കാളു൦ മനസ്സിലാക്കിയിരുന്നു. ഇസ്ലാം വിശ്വസിക്കുന്നത് അനാദികാലം മുതലുള്ള അള്ളായെയാണ്. ക്രിസ്ത്യാനികൾ, സൃഷ്ടിയെ പരിപൂര്‍ണ്ണതയിലെത്തിച്ച ത്രിത്വത്തെയും. ബ്രഹ്മനെയും ത്രിത്വത്തെയും ഒരു ശക്തിക്കും നിര്‍വചിക്കുവാൻ സാധിക്കുകയില്ല. സൂര്യചന്ദ്രാദികളില്ലാതെ ക്രിസ്ത്യൻ ദൈവം ലോകം സൃഷ്ടിച്ചുവെന്നു ഹിന്ദുമൌലിക വാദികൾ ശക്തിയായി ക്രിസ്തുമതത്തെ അധിക്ഷേപിക്കുന്നതു കാണാം. സൃഷ്ടിയുടെ പരമരഹസ്യം ഒരു മതത്തിനും നിര്‍വചിക്കുവാൻ സാധിക്കുകയില്ല. അത്രത്തോളംപോന്ന ഒരു സനാതനമുനിയും ഭൂമി ചരിത്രത്തിലുണ്ടായിട്ടില്ല. പിന്നെ എന്തിനു എബ്രാഹിമിക് തത്ത്വങ്ങളെ താഴ്ത്തി വിശ്വസിക്കുന്ന സനാതനം മാത്രം മെച്ചമെന്നു പറയണം? യൂറോപ്യന്‍മാര്‍ വരുന്നതുവരെ വർണ്ണവ്യവസ്ഥകളടങ്ങിയ സനാതനധര്‍മ്മം ബ്രാഹ്മണരുടെമാത്രം കുത്തകയായിരുന്നു. ഹിന്ദുവെന്ന പേര് നല്കിയതു യൂറോപ്യൻ മിഷ്യനറിമാരാണ്. പിന്നീടു വന്ന മുനിമാർ വേദങ്ങളു൦ ഉപനിഷത്തുക്കളും ശേഖരിച്ച് സനാതനധര്‍മ്മത്തിനു പുത്തനായ ഒരു നിര്‍വചനവും കൊടുത്തു. സതിയും വര്‍ണ്ണവ്യവസ്ഥകളുംകൊണ്ടു ദുഷിച്ച അധര്‍മ്മത്തിനു വെളിച്ചം നല്കിയതും യൂറോപ്യന്മാരാണ്. മിഷ്യനറിമാർ അറിവിന്‍റെ വെളിച്ചം ഭാരതത്തിലേക്കു കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ, ഇന്നു സനാതനികൾ തങ്ങൾ കണ്ടുപിടിച്ച പൂജ്യംപോലെ വട്ടപ്പൂജ്യം ആകുമായിരുന്നു.
No comments:
Post a Comment