Sunday, June 9, 2013

ആമുഖം





നാനൂറോളം പേജുള്ള എന്‍റെ കുടുംബ ചരിത്രം 2006-ൽ  ഞാൻ  പ്രസിദ്ധികരിച്ചശേഷമുള്ള  രണ്ടാമത്തെ രചനയാണ് സഭാ നവീകരണമായുള്ള  ഈ പുസ്തകം. നാൽപ്പത് അദ്ധ്യായങ്ങളിലായി പ്രസിദ്ധീകരിച്ച എന്‍റെ എളിയ സംരംഭമായ ഈ  പുസ്തകം  വായനക്കാരന്‍റെ മുമ്പില്‍ അവതരിപ്പച്ചതില്‍ അത്യധികമായ സന്തോഷം ഉണ്ട്. സൈബര്‍ലോകത്തിലെ 'അല്‍മായശബ്ദ'മെന്ന ബ്ലോഗില്‍ കഴിഞ്ഞ ഒരുവര്‍ഷമായി പ്രസിദ്ധീകരിച്ച  വിവാദലേഖനങ്ങളുടെയും ചര്‍ച്ചകളുടെയും  ഉള്ളടക്കമാണ്‌ പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. ഈ ഗ്രന്ഥരചനയില്‍ പലരോടും കടപ്പാടുമുണ്ട്.ശ്രീ ചാക്കോ കളരിക്കലാണ് മുഖവുര എഴുതിയിരിക്കുന്നത്. വിവാദപരമായ വിഷയങ്ങളടങ്ങിയ ഈ പുസ്തകത്തെ നിരൂപണചിന്താഗതികളോടെ വിലയിരുത്തുവാന്‍  അദ്ദേഹത്തെക്കാള്‍  കഴിവുള്ള മറ്റൊരു വ്യക്തിയെ എനിക്ക് അറിയില്ല.    പണ്ഡിതോചിതമായ ഒരു അവതാരിക തയ്യാറാക്കി തന്ന അദ്ദേഹത്തോട് എന്‍റെ നന്ദി രേഖപ്പെടുത്തുന്നു. 

 

സഭാനവീകരണത്തിനായി സദാ പേനാ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന  അനേകം പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവും കൂടിയാണ്ശ്രീ ചാക്കോ. സമകാലിക മാസികകളിലും പത്രങ്ങളിലും അനേകം  ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുമുണ്ട്. അദ്ദേഹമെഴുതിയ സഭാനവീകരണ പുസ്തകങ്ങളായിരുന്നു എന്‍റെ പുസ്തകത്തിന്‍റെ വഴികാട്ടിയും.  ഓരോ പുസ്തകരചനയും  എന്നെ അത്രത്തോളം ആകര്‍ഷിച്ചിരുന്നു. സഭയുടെ നവീകരണത്തിനായി ആധികാരികമായി നല്ല പുസ്തകങ്ങള്‍ കാഴ്ചവെച്ച‍ ശ്രീ  ചാക്കൊയെപ്പോലെയുള്ളവർ   സഭാചരിത്രത്തില്‍തന്നെ വിരളമാണ്.

 

 

ഈ പുസ്തകത്തില്‍ എന്നെ പ്രശംസിച്ച്  അഭിപ്രായം എഴുതിയ ശ്രീ അലക്സ് കണിയാമ്പറമ്പില്‍, ബിലാത്തിമലയാളി, സ്നേഹസന്ദേശം, എന്നീ മാധ്യമ മീഡിയാകളുടെ രക്ഷിതാവാണ്. ബ്രിട്ടനില്‍ സ്ഥിരതാമസമായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനുമാണ്.   ഞങ്ങൾ ‌ തമ്മില്‍ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഇന്നെന്‍റെ വലിയ സുഹൃത്തുക്കളില്‍ ഒന്നായിതീര്‍ന്നു. ബ്രിട്ടനില്‍നിന്ന് ദിവസത്തില്‍ ഒന്ന് അല്ലെങ്കില്‍ രണ്ടു തവണ എനിക്ക് ടെലിഫോണ്‍ ചെയ്യും. എഴുതുവാന്‍ ഒരു ദിവസം മനസ്സില്ലെങ്കിൽ  ബ്ലോഗില്‍ എഴുതിച്ചേ അടങ്ങൂ. ഏകമായ ചിന്താഗതികളാണ് ഞങ്ങളെ വലിയ സുഹൃത്തുക്കള് ആക്കിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ എനിക്ക് ശക്തമായ പ്രേരണ നല്‍കിയതില്‍ അലക്സിനു വലിയ പങ്കുണ്ട്. ഇദ്ദേഹത്തിനും എന്‍റെ കൃതജ്ഞത ഞാന്‍ അര്‍പ്പിക്കുന്നു.

പുസ്തകം ഭാഷാപുഷ്ടിയോടെ എഡിറ്റ് ചെയ്തത് ഡോ. രാധാകൃഷ്ണ വാരിയർ ആണ്. പ്രസിദ്ധമായ എം.ജി. യൂണിവേഴ്സിറ്റിയിൽ എഡിറ്ററായി സേവനം ചെയ്യുന്നു. അദ്ദേഹത്തെ എഡിറ്റ്ചെയ്യാൻ ലഭിച്ചത് എന്‍റെ ഭാഗ്യവും ഒരു നിയോഗംപോലെയും തോന്നിപോയി. ഹൈന്ദവനായ അദ്ദേഹത്തിന്‍റെ ക്രൈസ്തവ പാണ്ഡിത്യവും വിസ്മയകരമായിരുന്നു.  അദ്ദേഹത്തിനും കുടുംബത്തിനും സർവ്വവിധ മംഗളങ്ങളും നേരുന്നു.മലയാള പരിഭാഷകനെന്ന നിലയില്‍ 2009 ലെ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും ഡോ. വാരിയർ ആയിരുന്നു.

  

പുസ്തകത്തിലെ അനേകം  അധ്യായങ്ങളില്‍ തെറ്റുകള്‍ തിരുത്തിയും നിർദ്ദേശങ്ങൾ നല്‍കിയും  സഹായിച്ച ചിന്തകനായ സാക്ക് നെടുങ്കനാലിനോട്  അതീവമായ  കടപ്പാടുണ്ട്.  അദ്ദേഹം   അറിയാതെ ഞാന്‍ ഉള്ളില്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് ശ്രീ സാക്ക്.  വേദങ്ങളും പുരാണങ്ങളും അരച്ചുകുടിച്ച ഒരു തത്ത്വജ്ഞാനിയുമാണ്.  രണ്ടു ഭൂവിഭാഗങ്ങളില്‍ സ്ഥിരതാമസമെങ്കിലും ഒരേ ചിന്താഗതികളോടെ ബ്ലോഗില്‍ മിക്കദിവസങ്ങളും ഞങ്ങൾ ‌ സംവാദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. പ്രശാന്ത സുന്ദരമായ വാഗമണ്ണിലെ ഹ്രുദയഹാരിയായ പ്രകൃതിയുടെ കാഴ്ചപ്പാടില്‍ ജീവിക്കുന്ന ആ ജ്ഞാനിക്കും കുടുംബത്തിനും  എന്‍റെ നമോവാകവും നന്ദിയും രേഖപ്പെടുത്തുന്നു. 

 

 

ജനിച്ചുവീണ എന്‍റെ മതത്തില്‍, കത്തോലിക്കാ വിശ്വാസത്തില്‍ ഞാന്‍ അഭിമാനിയാണ്‌.  യേശുവിനെ എന്നും എന്‍റെ വഴികാട്ടിയായി ഹൃദയത്തില്‍  പ്രതിഷ്ഠിച്ചിട്ടുണ്ട്.  നല്ലവരായ പുരോഹിതര്‍ എന്നും സുഹൃത്തുക്കളായിരുന്നു.    എന്‍റെ യുക്തിക്ക് ചേര്‍ന്ന സഭയുടെ എല്ലാ മൗലിക തത്ത്വങ്ങളെയും ഞാന്‍ ബഹുമാനിച്ചിട്ടുമുണ്ട്. ദൈവവും ജ്ഞാനവും തേടിയുള്ള അന്വേഷണത്തിന്‍റെ തീർഥയാത്രയില്‍ ഈ ചെറുഗ്രന്ഥം വായനക്കാരനു പ്രയൊജനപ്പെടുമെന്നു വിചാരിക്കട്ടെ.

 

 

സ്വതന്ത്രചിന്തകളെ ചാമ്പലാക്കുവാന്‍ ശ്രമിക്കുന്ന പൌരാഹിത്യത്തിനോടാണ് എന്‍റെ സന്ധിയില്ലാസമരം. അത് ഇന്നും തുടരുന്നു. അഴിമതികളും കൊള്ളകളും നിറഞ്ഞ സമൂഹത്തിന്‍റെ ഒഴുക്കില്‍ കപടതയറിയാത്ത, ജീവിക്കുവാന്‍ മറന്നുപോവുന്ന, നല്ല പുരോഹിതർ‌ക്കായി ഈ പുസ്തകം   ഞാന്‍ കാഴ്ച വെക്കുന്നു.

 

പൌരാഹിത്യഞാണിന്മേല്‍ കളിക്കുന്ന വില്ലന്മാരായ പുരോഹിതരുടെയിടയില്‍ നിശബ്ദമായി സേവനംചെയ്യുന്ന  പുരോഹിതരും സമൂഹത്തില്‍ ഉണ്ടെന്നുള്ളകാര്യം നാം ഓര്‍ക്കേണ്ടതായുണ്ട്. ആധുനിക ജീവിതമുന്നേറ്റത്തില്‍ അത്തരക്കാരെ കണ്ടുമുട്ടുക പ്രയാസമാണെങ്കിലും മനസാക്ഷിക്കെതിരായി പ്രവര്‍ത്തിക്കാത്തവരുമുണ്ട്. എന്നാല്‍ അവരുടെ ജീവിതനിലവാരത്തിലേക്കു  പോയാല്‍ ഉള്ളതുകൊണ്ടു  തൃപ്തിപ്പെടുന്ന അത്തരം പുരോഹിതരുടെ അവസ്ഥ തികച്ചും ശോചനീയവുമാണ്.

 

കഴിഞ്ഞ തലമുറകളില്‍ അന്നന്നുള്ള അപ്പവുമായി ജീവിക്കുന്ന അനേകം  പുരോഹിതരെ കാണാമായിരുന്നു. അക്കാലങ്ങളില്‍ ഭേദപ്പെട്ട കുടുംബങ്ങളിൽനിന്നായിരുന്നു പുരോഹിതര്‍ സാധാരണ സഭാ സേവനത്തിനായി ഇറങ്ങാറുണ്ടായിരുന്നത്. കാലംമാറി, ഇന്ന് സമൂഹത്തിലെ  താഴേക്കിടയിലുള്ള സംസ്കാരരഹിതരായ ഏതു  കുടുബത്തില്നിന്നു വന്നവര്‍ക്കും പുരോഹിതന്‍ ആകുവാന്‍ സാധിക്കും. അത്തരക്കാരാണ് പള്ളിയുടെ സ്വത്ത് കയ്യിട്ടു വാരുന്നതും മെത്രാനെയും കർ‌ദ്ദിനാളിനെവരെയുമൊക്കെ  നിയന്ത്രിക്കുന്നതും.

 സഭയുടെ തുച്ഛമായ ശമ്പളത്തില്‍ ജീവിക്കുന്ന പുരോഹിതരുമുണ്ട്. അവരുടെ ക്ഷേമാന്വേഷണം എന്നെങ്കിലും മണിമാളികയില്‍ വസിക്കുന്ന തിരുമെനിമാർ അന്വേഷിക്കുന്നുണ്ടോയെന്നും സംശയമാണ്. കുടുംബത്തില്‍നിന്നു  ലഭിച്ച ചിട്ടയായ ജീവിതാനുഷ്ടാനങ്ങള്‍മൂലം സഭാസ്വത്തുക്കള്‍ കയ്യിട്ടു വാരുവാന്‍  അത്തരം പുരോഹിതരുടെ മനസ്സാക്ഷി അനുവദിക്കുകയില്ല.  മാമ്മൊദീസ്സ,  കല്ല്യാണം എന്നിങ്ങനെയുള്ള ചടങ്ങുകളില്‍ അല്മെനികളെ പിഴിഞ്ഞ് കീശ‌ നിറക്കുവാനും ഇങ്ങനെയുള്ളവര്‍ ശ്രമിക്കുകയുമില്ല. കള്ളത്തരം അറിയാത്ത  അവരുടെ ജീവിതവും  പരിതാപകരമാണ്.

 

 

ഇവിടെ ഒരു ചോദ്യം ഉയരുന്നു. ചതിക്കുന്നത് സഭയോ, പുരോഹിതനോ? പുരോഹിതന്‍ സഭാസ്വത്തുക്കള്‍ കവര്‍ന്നെടുക്കുന്നതായി പല കഥകള്‍ നാം കേള്‍ക്കുന്നുണ്ടെങ്കിലും അങ്ങനെയല്ലാത്തവരുടെ ജീവിതം കഷ്ടവുമാണ്. ഇവരെ ചതിക്കുന്നത് സഭയാണ്. ഇത്തരക്കാര്‍ക്ക് സഭാസ്വത്തുക്കള്‍ കവര്‍ന്നു മാറ്റുവാന്‍ അറിയില്ല. പള്ളിവക സ്വത്തുക്കള്‍ മാര്‍ക്കറ്റു വിലയെക്കാളും  കൂടിയ വിലയ്ക്ക് വിറ്റ്  ഇടലാഭം വെട്ടാനും ഇവര്‍ക്കറിയില്ല. മനസ്സാക്ഷിയെ വഞ്ചിക്കുവാനും അറിയില്ല.   കുടുംബത്തില്‍ പിറന്ന ഇവർക്ക്   ആത്മാര്‍ഥമായ ഒരു ഹൃദയമുണ്ടായതാണ്  മാമ്മോന്‍ ലഭിക്കാതെപോയതിനു   കാരണവും. 

 

 

വിശാലമനസ്കരായ  ഇങ്ങനെയുള്ള പുരോഹിതര്‍ പൌരാഹിത്യത്തിന്‍റെ  പ്രതിജ്ഞയും പാലിക്കും. ദാരിദ്ര്യവ്രതം എടുത്ത ഇവര്‍ ചുറ്റുമുള്ള ദരിദ്രരെയും ഓര്‍ക്കും. വിശ്വാസമുണർത്തി സഭയുടെ ചൈതന്യം വീണ്ടെടുക്കുവാന്‍ ശ്രമിക്കും.  സാധാരണ ജീവിതം നയിക്കുന്ന ഒരു പുരോഹിതന്‍റെ മാസശമ്പളം  രണ്ടായിരം രൂപയും കുർബാനപ്പണം ഉപയോഗിക്കാവുന്നത് ആയിരം രൂപായെന്നും അറിയുന്നു. ഭക്ഷണവും താമസവും മെഡിക്കല്‍സൗകര്യങ്ങളും സൗജന്യമായിരിക്കും. ഇന്നുള്ള ജീവിതനിലവാരത്തില്‍ ഒരു പുരോഹിതന് ഈ തുകകൊണ്ട് ജീവിതം മുമ്പോട്ടു കൊണ്ടുപോവുക ബുദ്ധിമുട്ടും ആണ്. സഭയെ സത്യമായി വിശ്വസിച്ചു പോവുന്ന ഒരു പുരോഹിതന്‍ എങ്ങനെ മൂവായിരം രൂപയ്ക്കു ജീവിക്കുന്നുവെന്നും പരിഗണിക്കേണ്ടതുണ്ട്. മാനുഷ്യകപരിഗണയും ഇവിടെ ആവശ്യമാണ്.  

 

ഇങ്ങനെ ദുഃഖകരമായ അവസ്ഥ പുരോഹിതന്‍ തരണം ചെയ്യുന്നതും അല്മായനു സഭാകാര്യങ്ങളില്‍ പങ്കില്ലാത്തതുകൊണ്ടല്ലേ? ധനകാര്യം സര്‍വ്വതും മെത്രാന്‍റെയും അദ്ദേഹത്തിന്‍റെ കീഴിലുള്ള മറ്റു പുരോഹിതരുടെയും അധീനതയില്‍ ആയതുകൊണ്ടാണ്‌ ധര്‍മ്മത്തിലധിഷ്ഠിതമായ പുരോഹിതര്‍ എന്നും സഭയില്‍ ദാരിദ്ര്യവ്രതം അനുഭവിക്കേണ്ടി വരുന്നതും. ബലഹീനനെ ശക്തിമാന്‍ കീഴ്പ്പെടുത്തി ഭരിക്കുകയെന്നുള്ളതും ലോകനിയമം ആണ്. കിട്ടുന്ന  വിഭവങ്ങൾക്കാനുപാതികമായി ഇന്നത്തെ ജീവിതനിലവാരമനുസരിച്ചു കൂടുതല്‍ വൈദികക്ഷേമവും സേവനഫലവും  അനുവദിച്ചാല്‍  പുരോഹിതര്‍ക്ക് മെച്ചമായി ജീവിക്കുവാന്‍ സാധിക്കുകയില്ലേ?  

 

അത്തരം പുരോഗമനചിന്തകള്‍ നടപ്പിലാക്കണമെങ്കിൽ  സഭാകാര്യങ്ങളില്‍ ഇടപെടുവാന്‍ അല്മായനു സ്വാധീനം വേണം.  പുത്തനായ ആശയങ്ങളുമായി രൂപംകല്പ്പന ചെയ്ത  ചര്ച്ച് ആക്റ്റിനെ  പുരോഹിതര്‍ എതിർക്കുന്നതിന്‍റെ യുക്തിയും  മനസിലാകുന്നില്ല.

അഴിമതിയില്‍ മുങ്ങിക്കഴിയുന്നവർക്കു ചർച്ച് ആക്റ്റ് ഒരു കോടാലിയെങ്കിലും സത്യത്തിനു മൂല്ല്യം കല്പ്പിക്കുന്നവർക്ക്  ഈ നിയമ സംഹിത ഗുണം ചെയ്യും. രഹസ്യമായിട്ടെങ്കിലും മനസ്സാക്ഷിയെ വഞ്ചിക്കാത്ത പുരോഹിതര്‍ ചർച്ച്ആക്റ്റിനെ അനുകൂലിച്ചു സംസാരിക്കുന്നുണ്ട്.  അല്‍മായരുടെ സഭാസ്വത്തിന്മേലുള്ള പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നുമുണ്ട്. സഭയ്ക്കുള്ളിലെ അഴിമതികളില്‍ അവർ മനം മടുത്തതാണ് കാരണവും.

 

കുടുംബമായി ജീവിക്കുന്ന ഒരു അല്മായനു  മെത്രാനെക്കാളും പുരോഹിതനെക്കാളും സ്വാഭാവികമായി മാനുഷിക പരിഗണനകളോടെയുള്ള മനസാക്ഷി ഉണ്ടായിരിക്കും. ആഢഠബരത്തില്‍ കഴിയുന്ന ഒരു മെത്രാന് മനുഷ്യന്‍റെ സുഖദുഖങ്ങളില്‌ പങ്കുചേരുവാനായി സമയം കാണുകയില്ല. അറിയുവാനും കഴിയുകയില്ല.

 

പുരോഹിതര്‍ക്ക് തങ്ങളുടെ വ്രതം ഉള്ളതുകൊണ്ട് അല്‍മായലോകത്തിലെപ്പോലെ വര്‍ധിച്ച ശമ്പളത്തിനായി മുറവിളി കൂട്ടുവാനും സാധിക്കുകയില്ല. ചില പുരോഹിതര്‍ക്ക് മേലാധികാരികളെ പഞ്ചാരവാക്ക് പറഞ്ഞു പണം അപഹരിക്കുവാനും അറിയാം. നിഷ്കളങ്കരായ പുരോഹിതര്‍ക്ക് അങ്ങനെ സ്വയം വ്യക്തിത്വം താഴ്ത്തി ജീവിക്കുവാനും അറിയില്ല. 

 

ഒരു വശത്തു പുരോഹിതര്‍ സഭയെ ചതിക്കുകയും മറുവശത്തു സഭ പുരോഹിതരെ ചതിക്കുകയും ചെയ്യുന്ന ഒരു കാഴ്ചയാണ്  ഇന്ന് സഭയ്ക്കുള്ളില്‍ സംഭവിക്കുന്നത്.  അപ്പൊസ്തൊലന്മാർ പങ്കിടുന്നതുപൊലെ സാധാരണ ഒരു പള്ളിയിലെ നേർച്ചപ്പണത്തിന്‍റെ വലിയ ഒരു പങ്കു പുരോഹിതന്‍ പോക്കറ്റിലിടും. അങ്ങനെയാണ് സ്വകാര്യജീവിതത്തില്‍ ആഢഠബരമായി ഇവര്‍ക്ക് കഴിയുവാന്‍ സാധിക്കുന്നത്‌.  പണം കുന്നുകൂടി ഇരിക്കുന്ന സഭയ്ക്ക് അത്  എന്തുചെയ്യണമെന്ന് അറിയാന്‍ പാടില്ലാത്ത ആശയകുഴപ്പത്തിലാണ്. ചില പുരൊഹിതര്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ മറ്റുചിലര്‍ തന്തൂരിചിക്കനും മട്ടന്‍ബിരിയാണിയും അടിച്ചു വിലകൂടിയ കാറില്‍ സഞ്ചരിക്കുന്നു. ആധുനിക ടെക്നോളജിയിൽ   സഭയില്‍ അന്തസ്സായി പുരോഹിതര്‍ ജീവിക്കുന്നത് തെറ്റല്ല.  എന്നാല്‍ ഈ നിസ്സാര  ശമ്പളത്തില്‌ എങ്ങനെ പുരോഹിതര്‍ക്ക് ആര്‍ഭാടമായി ജീവിക്കുവാന്‍ സാധിക്കുന്നുവെന്നാണ് മനസ്സിലാകാത്തത്.  സ്വന്തം വീട്ടില്‍നിന്നും കൊണ്ടുവന്ന്  ആഘോഷമായി ജീവിക്കുന്നതെന്നു പറഞ്ഞാലും വിശ്വസിക്കുവാന്‍ പ്രയാസമാണ്.

 

രാഷ്ട്രീയത്തില്‍ ഇത്തരം ദുര്‍ഗന്ധം ഉണ്ട്. എങ്ങനെ ദൈവത്തിന്‍റെ സഭയില്‍ ഈ ദുര്‍ഗന്ധം ഉണ്ടാകുന്നതെന്നു  മനസിലാകുന്നില്ല. പുരോഹിതര്‍ക്കും തങ്ങളുടെ സഹോദരസഹോദരികളടങ്ങിയ കുടുംബവും മാതാപിതാക്കളും ഉണ്ട്. പവിത്രമായ കൈകളില്‍ പൌരാഹിത്യം സ്വീകരിച്ച ഇവര്‍ മരിക്കുവോളം സഭയെ സേവിക്കണമെന്നു ചിന്തിക്കുന്നു. മാമ്മോനില്‍ മൂടികിടക്കുന്ന സഭാശ്രേഷ്ഠന്മാരുടെ കണ്ണുകള്‍ തുറക്കേണ്ടത് വിശുദ്ധജീവിതം നയിക്കുന്ന പുരോഹിതരുടെ   ക്ഷേമത്തിനായിട്ടായിരിക്കണം. ഇന്നുള്ള ജീവിതനിലവാരത്തില്‍ എളിമയും സത്യവും തത്ത്വങ്ങളായി ജീവിക്കുന്ന പുരോഹിതരെ കണ്ടുപിടിച്ചു മാസം പതിനായിരം രൂപയെങ്കിലും അവര്‍ക്ക് വരുമാനം ഉറപ്പാക്കണം. പുരോഹിതര്‍ സഭയെ ചതിക്കുന്നുണ്ടെങ്കിലും സഭയുടെ ചിട്ടകളും നിയമങ്ങളും അനുസരിച്ച് ജീവിക്കുന്ന പുരോഹിതരെ സഭ ഒരിക്കലും ചതിക്കുവാന്‍ പാടില്ല.

 

പുസ്തകം ഇവിടെ സഭയുടെ   നവീകരണം

ആഗ്രഹിക്കുന്ന  ഓരോ വായനക്കാരനുമായി ഞാൻ അർപ്പിക്കുകയാണ്.  എന്‍റെ എളിയ ഈ സംരംഭം ആരെയും വ്യക്തിപരമായി വേദനിപ്പിക്കുവാനല്ല.  മറിച്ചു സഭാസ്നേഹികളെ വിശ്വാസത്തിന്‍റെ   ചൈതന്യത്തില്‍ ഒന്നായി കാണുവാനാണ്. സ്വതന്ത്രമായി യേശുവിനെ അന്വേഷിച്ചു  ഹൃദയത്തില്‍ ആവഹിക്കുവാനായിരുന്നു എന്‍റെ ശ്രമം. എനിക്കിങ്ങനെയെല്ലാം എഴുതുവാന്‍ വേദി ഒരുക്കിതന്ന പാലായില്‍ ശ്രീ ജോര്‍ജ് മൂലെച്ചാലില്‍, ശ്രീ ജോസ് ആന്റണി എന്നിവരെയും ഞാന്‍ സ്മരിക്കുന്നു. ഇവരുടെ പ്രസിദ്ധീകരണമായ 'സത്യജ്വാലഎന്നും  സത്യത്തിന്‍റെ വഴികാട്ടിയായിരുന്നു. 'അല്‍മായശബ്ദം' യേശുവിന്‍റെ ഗര്‍ജിക്കുന്ന ശബ്ദവും. സഭയിൽ  കുന്നുകൂടിയിരിക്കുന്ന അഴിമതിക്കൂമ്പാരങ്ങളെ ചികഞ്ഞെടുത്ത്  അല്മായനെ ജ്ഞാനാത്മകമാക്കുവാന്‍  ലക്ഷകണക്കിനു ഹിറ്റുകളോടെ 'അല്മായശബ്ദ'മെന്ന ബ്ലോഗു ദിനംപ്രതി  ലോകമലയാളി  കത്തോലിക്കരെ ആവേശഭരിതരാക്കുന്നുണ്ട്.    അവസാനമായി വായനക്കാരോടും  കടപ്പാടുകള്‍ അർപ്പിച്ചുകൊണ്ട്  നാളെയുടെ മാറ്റൊലി കൊള്ളുന്ന സഭയുടെ ശുഭദിനങ്ങള്‍ക്കായി ഈ പുസ്തകത്തിന്‍റെ ചുരുളുകള്‍  നിങ്ങള്‍ ഓരോരുത്തര്‍ക്കുമായി അര്‍പ്പിക്കുന്നു.

 

 

 

 

 

 

 

 


 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...